Author Image കെ. സന്തോഷ് കുമാർ
17 Apr 2026

രോഹിത് വെമുല ബില്ല് കർണാടക സർക്കാർ അംഗീകരിച്ചു: കേരളം എന്ന് നടപ്പാക്കും?

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനത്തിനെതിരെ കൊണ്ടുവരുന്ന ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണിത്. ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുക, സ്കോളർഷിപ്പുകൾ അനാവശ്യമായി തടഞ്ഞുവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുക, ജാതീയമായ അധിക്ഷേപങ്ങൾ നടത്തുക, ഹോസ്റ്റൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുക, ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുക തുടങ്ങിയവയെല്ലാം വിവേചനത്തിന്റെ പരിധിയിൽ വരുന്നതും ശിക്ഷാർഹവുമാണെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന ജാതീയമായ വിവേചനവും പീഡനങ്ങളും തടയുന്നതിനായി കർണ്ണാടക സർക്കാർ 'രോഹിത് വെമുല ആക്ട്' കൊണ്ടുവരുന്നു. വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം 'കർണ്ണാടക രോഹിത് വെമുല (വിവേചനവും പുറന്തള്ളലും അനീതിയും തടയൽ) (വിദ്യാഭ്യാസത്തിനും അന്തസ്സിനുമുള്ള അവകാശം) ബില്ല്, 2026' അംഗീകരിച്ചു. സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ, ഡീംഡ് സർവ്വകലാശാലകളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള തുല്യ അവസരം ഉറപ്പാക്കുകയും വിവേചനം നിരോധിക്കുകയും ചെയ്യുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ജാതി വിവേചനമോ പീഡനമോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനത്തിനെതിരെ കൊണ്ടുവരുന്ന ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണിത്. 2016-ൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ജാതീയമായ പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ സ്മരണാർത്ഥമാണ് നിയമത്തിന് ഈ പേര് നൽകിയിരിക്കുന്നത്. നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ഈ ബില്ലിൽ വിവേചനത്തെ സംബന്ധിച്ച കൃത്യമായ നിർവ്വചനം നൽകിയിട്ടുണ്ട്. ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുക, സ്കോളർഷിപ്പുകൾ അനാവശ്യമായി തടഞ്ഞുവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുക, ജാതീയമായ അധിക്ഷേപങ്ങൾ നടത്തുക, ഹോസ്റ്റൽ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുക, ജാതിയുടെ - സമുദായത്തിന്റെ പേരിൽ അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തുക തുടങ്ങിയവയെല്ലാം വിവേചനത്തിന്റെ പരിധിയിൽ വരും.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:

ഇക്വിറ്റി കമ്മിറ്റി (Equity Committee): എല്ലാ കോളേജുകളിലും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനത്തിലും വിവേചനവും പീഡനവും സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നതിനായി നിർബന്ധമായും ഒരു 'ഇക്വിറ്റി കമ്മിറ്റി' രൂപീകരിക്കണം. അസിസ്റ്റന്റ് പ്രൊഫസർ പദവിയിൽ കുറയാത്ത ഒരു എസ്.സി./എസ്.ടി. അംഗമായിരിക്കും ഈ സമിതിയുടെ അധ്യക്ഷൻ.

പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ സമിതി യോഗം ചേരണം. 15 പ്രവൃത്തിദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 7 ദിവസത്തിനുള്ളിൽ സ്ഥാപന മേധാവി നടപടിയെടുക്കണം. ഒരു വിദ്യാർത്ഥി നേരിട്ട് പരാതി നൽകിയില്ലെങ്കിൽ പോലും, വിവേചനം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ കമ്മിറ്റിക്ക് സ്വമേധയാ കേസെടുക്കാം. സർവകലാശാലയിലെ മാർക്ക് ലിസ്റ്റുകൾ, അറ്റൻഡൻസ് ബുക്കുകൾ, ഹോസ്റ്റൽ രജിസ്റ്ററുകൾ എന്നിവ പരിശോധിക്കാനും അധികാരികളിൽ നിന്ന് വിശദീകരണം തേടാനും കമ്മിറ്റിക്ക് അധികാരമുണ്ട്.

സമിതിയിൽ ആകെ ഏഴ് അംഗങ്ങളുണ്ടാകും. അതിൽ കുറഞ്ഞത് രണ്ട് വിദ്യാർത്ഥി പ്രതിനിധികൾ എസ്.സി./എസ്.ടി. വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണം. സമിതിയിലെ 80 ശതമാനം അംഗങ്ങളും എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണമെന്നും ബില്ല് നിർബന്ധമാക്കുന്നു.

ക്യാമ്പസുകളിലെ ജാതിവിവേചനം തടയുന്നതിനുള്ള 2026-ലെ യുജിസി (UGC) റെഗുലേഷൻസിനെ പിന്തുണച്ചുകൊണ്ട് വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 3-ന് നടത്തിയ പ്രതിഷേധ സമരം.

വിവേചനം കാട്ടുന്ന വ്യക്തികൾക്ക് ഒരു വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും. വിവേചനത്തിന് കൂട്ടുനിൽക്കുകയോ അത് തടയാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. കൂടാതെ അത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തലാക്കാനും വ്യവസ്ഥയുണ്ട്.

പലപ്പോഴും ഇത്തരം കേസുകൾ വർഷങ്ങളോളം നീണ്ടുപോകാറുണ്ട്. ഇത് ഒഴിവാക്കാൻ ബില്ലിൽ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്:
അന്വേഷണം 15 പ്രവൃത്തിദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. കമ്മിറ്റി റിപ്പോർട്ട് നൽകി 7 ദിവസത്തിനുള്ളിൽ സ്ഥാപന മേധാവി കുറ്റക്കാർക്കെതിരെ നടപടിയെടുത്തിരിക്കണം. നടപടിയെടുക്കാൻ വൈകുന്ന സ്ഥാപന മേധാവിക്കെതിരെയും ഈ നിയമപ്രകാരം കേസെടുക്കാൻ സാധിക്കും.

പരാതി ലഭിച്ചാൽ നേരിട്ട് ശിക്ഷാ നടപടികളിലേക്ക് പോകുന്നതിന് മുൻപ് ഒരു സമവായ ചർച്ചയ്ക്ക് (Conciliation) കമ്മിറ്റി അവസരം നൽകും. വിവേചനം കാട്ടിയ വ്യക്തി തന്റെ തെറ്റ് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്താൽ, പരാതിക്കാരന്റെ സമ്മതത്തോടെ കേസ് അവിടെ അവസാനിപ്പിക്കാം. എന്നാൽ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ (ശാരീരിക പീഡനം, ജാതീയ അധിക്ഷേപം) ഈ സമവായം ബാധകമാകില്ല; പകരം കർശനമായ അന്വേഷണം നടക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

പരാതി നൽകുന്ന വിദ്യാർത്ഥി ക്യാമ്പസിനുള്ളിൽ കൂടുതൽ വേട്ടയാടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട്, പരാതിക്കാരന്റെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണം. പരാതി നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിക്കെതിരെ പ്രതികാര നടപടികൾ എടുക്കുന്നത് ജാമ്യമില്ലാ കുറ്റമായി ഈ ബില്ലിൽ കണക്കാക്കുന്നു. കമ്മിറ്റിയുടെ നടപടികൾക്ക് പുറമെ, കൂടുതൽ നഷ്ടപരിഹാരത്തിനായി പരാതിക്കാർക്ക് കോടതികളെ സമീപിക്കാനുള്ള അവകാശവും ബില്ല് ഉറപ്പുനൽകുന്നു.

ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിൽ നേരിടേണ്ടി വരുന്ന ജാതി വിവേചനങ്ങൾക്കും ജാതി കൊലപാതകങ്ങൾക്കും ഘട്ടം ഘട്ടമായി അറുതി വരുത്തുവാൻ ഈ നിയമം സഹായിക്കുമെന്ന് കരുതപ്പെടുന്നു. യു.ജി.സി.യുടെ 2026-ലെ പുതിയ ഇക്വിറ്റി റെഗുലേഷനുകളുമായി ചേർന്നുനിൽക്കുന്നതാണ് ഈ ബില്ലിലെ പല വ്യവസ്ഥകളും.

കേരളത്തിലെ ക്യാമ്പസുകളിൽ ദലിത്-ആദിവാസി വിദ്യാർത്ഥികൾ നേരിടുന്ന ജാതി വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജിന്റെ ആത്മഹത്യ. കേരളത്തിലെ ക്യാമ്പസുകളിലും സർവ്വകലാശാലകളിലും ദലിത് ആദിവാസി വിദ്യാർത്ഥികൾ നിരന്തരം ജാതി വിവേചനങ്ങൾ നേരിടുമ്പോഴും അതിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ജാതി പീഡനം മൂലം നിതിൻ രാജ് ഭരണകൂട കൊലപാതകത്തിന് വിധേയമാകുകയും, കുടുംബവും പൊതുസമൂഹവും നീതി ആവശ്യപ്പെടുകയും ചെയ്യുമ്പോൾ നിഥിന്റെ കുടുംബത്തിന് വീട് വെച്ചു നൽകുമെന്ന പരിഹാസ്യമായ നിലപാടാണ് സർക്കാരും രാഷ്ട്രീയ പാർട്ടികളും കൈക്കൊള്ളുന്നത്. മാത്രമല്ല പ്രതികളെയും ഡോ. കെ. റാമിനെയും സംഗീത നമ്പ്യാരെയും അറസ്റ്റ് ചെയ്യാൻ ഇതുവരെയും പൊലീസിന് സാധിച്ചിട്ടുമില്ല.

2016-ൽ രോഹിത് വെമുലയുടെ ജാതി കൊലപാതകത്തിന് ശേഷം ഇന്ത്യയിലുടനീളം 'രോഹിത് ആക്ട്' നടപ്പാക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ, കേരളം അതിനെ ഒരിക്കൽപോലും പരിഗണിക്കുകയോ ചർച്ചയ്ക്ക് എടുക്കുകയോ ചെയ്തിരുന്നില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയത അവസാനിപ്പിക്കാൻ കൊണ്ടുവന്ന യു.ജി.സി. ഇക്വിറ്റി റെഗുലേഷൻസ് 2026 സ്റ്റേ ചെയ്യപ്പെട്ടപ്പോഴോ, 2012-ലെ റെഗുലേഷൻസ് ഭേദഗതി കൊണ്ടുവന്ന് ദുർബലപ്പെടുത്തിയപ്പോഴോ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പുലർത്തുകയാണ് ചെയ്തത്. കേരളത്തിലെ സർവ്വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജാതി വിവേചനങ്ങളും ജാതി അതിക്രമങ്ങളും അവസാനിപ്പിക്കാൻ കേരളം എന്നാണ് രോഹിത് ആക്ട് നടപ്പാക്കുന്നത് എന്നതാണ് മർമ്മപ്രധാനമായ ചോദ്യം? ഇതിനുവേണ്ടിയുള്ള രാഷ്ട്രീയ ആവശ്യം ഉന്നയിക്കാൻ ദലിത്-ആദിവാസി സമൂഹങ്ങൾക്കും പൊതുസമൂഹത്തിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കഴിയേണ്ടതുണ്ട്.
 

Share this link